കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർപ്ലാനിന് ഭരണാനുമതി ലഭിച്ചു. 90 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് മാസ്റ്റർപ്ലാൻ വിഭാവനം ചെയ്യുന്നത്.
ഓപ്പറേഷൻ തിയേറ്ററും അനുബന്ധ വാർഡുകളും അത്യാഹിത വിഭാഗവുമെല്ലാം ഈ കെട്ടിടത്തിലായിരിക്കും. കെ.എസ്.ഇ.ബി. സിവിൽ വിഭാഗമാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. നിലവിലുള്ള രണ്ടുനില പ്രധാന കെട്ടിടത്തിനുമുകളിൽ മൂന്നുനിലകൂടി നിർമിക്കുന്നതിനാണ് മാസ്റ്റർപ്ലാനിൽ പ്രഥമ പരിഗണന നൽകുന്നത്.
ഇപ്പോഴുള്ള സുനാമി വാർഡ് പൂർണമായും നീക്കംചെയ്ത് അവിടെ എട്ടുനിലകളുള്ള കെട്ടിടം നിർമിക്കും. ഒ.പി.വിഭാഗം, ബ്ലഡ് ബാങ്ക്, സ്കാനിങ് വിഭാഗം, പേ വാർഡ്, എക്സ്റേ, ലാബ്, കാന്റീൻ തുടങ്ങിയവയെല്ലാം ഇവിടെയായിരിക്കും. അഞ്ചുനിലകളുള്ള കെട്ടിടവും എട്ടുനിലകളുള്ള കെട്ടിടവും തമ്മിൽ മൂന്നാമത്തെനിലയിൽ ബന്ധിപ്പിക്കും. ഈ ഇടനാഴി മനോഹരമാക്കി രോഗികളുടെ കൂട്ടിരിപ്പുകാർക്കും മറ്റും വിശ്രമിക്കാനുള്ള ഇടമാക്കും.
ദേശീയപാത വികസനം വരുമ്പോൾ പാതയുടെ വശത്തുകൂടി നിർമിക്കുന്ന സർവീസ് റോഡിലൂടെയാവും ആശുപത്രിയിലേക്ക് പ്രവേശിക്കുക. കെട്ടിടത്തിന് പടിഞ്ഞാറുഭാഗത്തുകൂടി തെക്കുവശത്തെ റോഡിലേക്കായിരിക്കും പുറത്തേക്കുള്ള വഴി. റോഡ് പൂർണമായും വൺവേ സംവിധാനത്തിലാക്കും. കേന്ദ്ര കെട്ടിട നിർമാണചട്ടം (എൻ.ബി.സി.) അനുസരിച്ചാകും നിർമാണം. ഇതനുസരിച്ച് കെട്ടിടങ്ങളുടെ നാലുവശത്തും ആറുമീറ്റർ വീതിയിൽ റോഡ് ഉണ്ടാകും. ഗ്രീൻ ബിൽഡിങ് സാങ്കേതികവിദ്യയായിരിക്കും നിർമാണത്തിനുപയോഗിക്കുക. ആരോഗ്യവകുപ്പിന്റെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചതിനാൽ തുടർനടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു.
1956-ൽ പ്രാഥമികാരോഗ്യകേന്ദ്രമായാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 1967-ൽ 150 കിടക്കകളുള്ള താലൂക്ക് ആശുപത്രിയായി ഉയർത്തി. 1987-ൽ കിടക്കകളുടെ എണ്ണം 190 ആയി വർധിപ്പിച്ചു. 1995-ൽ ഫസ്റ്റ് റഫറൽ യൂണിറ്റായി പ്രഖ്യാപിച്ച ആശുപത്രിയിൽ 2010-ൽ അത്യാഹിതവിഭാഗവും ഐ.പി., ഒ.പി. ബ്ലോക്കും തുടങ്ങി.
